ബാങ്കോക്ക്: തായ്ലൻഡിലെ രാജമാതാവ് സിരികിത് (93) വാർധക്യസഹജമായ അസുഖങ്ങളാൽ അന്തരിച്ചു. ചെറുപ്പകാലത്ത് ഫാഷൻ സ്റ്റൈലുകളാൽ ലോകശ്രദ്ധ ആകർഷിച്ച രാജ്ഞിയുടെ മരണം വെള്ളിയാഴ്ച രാത്രി ബാങ്കോക്കിലെ ആശുപത്രിയിൽ വച്ചായിരുന്നു.
തായ്ലൻഡിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്ന ഭൂമിബോൽ അതുല്യതേജിന്റെ പത്നിയും ഇപ്പോഴത്തെ രാജാവ് വാജിറലോംഗ്കോണിന്റെ മാതാവുമാണ്. രാജകുടുംബം രാജ്യത്ത് ഒരു വർഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാൻസിലെ തായ് അംബാസഡറുടെ മകളായിരുന്ന സിരികിത് കിതിയകാര 1950ലാണ് ഭൂമിബോൽ അതുല്യതേജിനെ വിവാഹം ചെയ്തത്. 2016ൽ ഭൂമിബോൽ വിടവാങ്ങുംവരെ രാജ്ഞിപദവിയുണ്ടായിരുന്നു.
സിരികിത് രാജ്ഞിയുടെ ജന്മദിനമായ ഓഗസ്റ്റ് 12 ആണ് തായ്ലൻഡിൽ മാതൃദിനമായി ആചരിക്കുന്നത്.
രാജ്ഞിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ക്വാലാലംപുരിൽ ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ അറിയിച്ചു.